"എപ്പോഴൊക്കെ സാമൂതിരി മാമാങ്കത്തട്ടില്‍ പ്രത്യക്ഷപ്പെട്ട് ചേരമാന്‍ പെരുമാളിണ്റ്റെ വാള്‍ ഉറയില്‍ നിന്നൂരി കയ്യിലേന്തുന്നുവോ അപ്പോഴെല്ലാം പടിഞ്ഞാറെ നടയില്‍ തടിചു കൂടിയ പുരുഷാരത്തിനെടയില്‍ നിന്നു ചാവേര്‍ഭടന്‍മാര്‍ കുതിക്കുകയായി-സാമൂതിരിക്കു കാവല്‍ നില്‍ക്കുന്ന നായര്‍പ്പടയുടെ കൂര്‍ത്തു മൂര്‍ത്ത കുന്തത്തലപ്പില്‍ കുത്തിക്കുരുങ്ങാന്‍ മാത്രം."
കേരളത്തിലെ ഏറ്റവും പഴക്കമുള്ള മഹോത്സവങ്ങളിലൊന്നായ മാമാങ്കത്തെ കുറിച്ചു വിശദീകരിക്കുമ്പോള്‍ വില്യം ലോഗന്‍ എഴുതിയതാണിത്. വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍ മരണം വരിച്ച് വീരചരിതം രചിച്ച സന്ദര്‍ഭമായാണ് മാമാങ്കത്തിന് പ്രശസ്തി. എന്നാല്‍ കേരള ചരിത്രത്തില്‍ മാമാങ്കത്തിന് വേറേയും പ്രാധാന്യമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മഹോത്സവങ്ങളിലൊന്നായിരുന്നു അത്. കേരളീയരുടെ സകല കലാപാടവവും ഐശ്വര്യസമൃദ്ധിയുമെല്ലാം മാമാങ്കത്തില്‍ പ്രദറ്‍ശിപ്പിച്ചിരുന്നു. കാര്‍ഷികകലാമേളകള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങളെ മാത്രമല്ല, മറുനാട്ടുകാരെകൂടി ഇങ്ങോട്ടാകര്‍ഷിച്ചു.
ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിലാണ് മാമാങ്കം അരങ്ങേറിയിരുന്നത്. പൌഷമാസത്തിലെ പൂയ(തൈപ്പൂയം)ത്തിലാരംഭിച്ച് മാഘമാസത്തിലെ മകത്തില്‍ അവസാനിക്കുന്ന 28 ദിവസത്തെ മഹോത്സവം. സാധാരണ 12 വര്‍ഷത്തിലൊരിക്കലായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. എന്നാല്‍ ജ്യോതിഷപരമായ ചില പ്രത്യേകതകളാല്‍ അടുപ്പിച്ചുള്ള ചില കൊല്ലങ്ങളിലും മാമാങ്കം വന്നിട്ടുണ്ട്. ഉത്രാടതിരുന്നാള്‍ സാമൂതിരിപ്പാട് 1671, 1672 വര്‍ഷങ്ങളിലും ഭരണിതിരുനാള്‍ സാമൂതിരിപ്പാട് 1694, 1695 വര്‍ഷങ്ങളിലും മാമാങ്കങ്ങള്‍ കൊണ്ടാടുകയുണ്ടായി.
നാനൂറിലധികം വര്‍ഷത്തോളം സാമൂതിരിമാരും അതിന് മുന്‍പ് വള്ളുവനാട്ടു രാജാക്കന്‍മാരും അതിനു മുന്‍പ്കുറച്ചുകാലം പെരുമ്പടപ്പ് മൂപ്പും (കൊച്ചി രാജവംശം) അതിന് മുന്‍പ് ചേരരാജാക്കന്‍മാരും ആയിരുന്നു ഈ മഹോത്സവം നടത്തിയിരുന്നത്.
അവസാനത്തെ മാമാങ്കം 1755-ലാണ് നടന്നത്. അടുത്ത മാമാങ്കത്തിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍(എ.ഡി. 1765-ല്‍) മൈസൂര്‍ സുല്‍ത്താനായ ഹൈദര്‍ മലബാര്‍ ആക്രമിച്ചു കീഴടക്കി. അതോടെ മാമാങ്കം മുടങ്ങി. പിന്നീടൊരിക്കലും മാമാങ്കം നടന്നിട്ടില്ല.